രാസ്ത ഡയറീസ് 2 _രാസ്ത ഡയറീസ് _ Pachmuriya, Dhanbad, JARKHAND Day 2 02 Feb 2024 Friday 5:15 നാണിവിടെ സുബ്ഹി ബാങ്ക്. അരമണിക്കൂർ കൂടി കഴിഞ്ഞ് സ...
![]() |
രാസ്ത ഡയറീസ് 2 |
_രാസ്ത ഡയറീസ് _
Pachmuriya, Dhanbad, JARKHAND
Day 2
02 Feb 2024
Friday
5:15 നാണിവിടെ സുബ്ഹി ബാങ്ക്. അരമണിക്കൂർ കൂടി കഴിഞ്ഞ് സുബ്ഹി നമസ്കാരം ജമാഅത്തായി നിസ്കരിച്ചാണ് രണ്ടാം ദിവസം തുടങ്ങിയത്. വെള്ളി 'ഉം ഫഹദ് സ്കൂളിന്' ലീവാണ്. അതുകൊണ്ട് പ്രൊജക്ട് പ്രകാരമുള്ള കുട്ടികൾക്കുള്ള ക്ലാസ്സുകളും മറ്റു ആക്ടിവിറ്റീസും ഇന്ന് നടക്കില്ല. സുബ്ഹി കഴിഞ്ഞ് എല്ലാവരും നടക്കാനിറങ്ങി.
കഷ്ടിച്ച് 6 മീറ്റർ ദൂരം മാത്രം മുന്നോട്ട് കാണാൻ കഴിയുന്ന ആ കോടമഞ്ഞിൽ ഇമ്രാനായിരുന്നു ഞങ്ങളുടെ വഴികാട്ടി. ഏകദേശം 3 കിലോമീറ്റർ നടന്നിട്ടുണ്ടാവും. പുഴയും പുൽമേടും മരങ്ങളും മൈതാനങ്ങളും കണ്ടു. കോട്ടും ധരിച്ച് നിന്നിരുന്ന ആട്ടിൻകൂട്ടം കൗതുകമായി. ഇടയ്ക്കെപ്പോഴോ പണി നടന്ന് കൊണ്ടിരിക്കുന്ന ഒരു പാലവും കടന്ന് അടുത്ത ജില്ലയായ ഗിരിഡിയിലെത്തി.പാലം പണിക്കാർ തീ കായുന്നുണ്ടായിരുന്നു. തണുപ്പ് അവർക്കും അസ്സഹനീയമാണെന്ന് തോന്നുന്നു. സലയ്യ ഗ്രാമത്തിലെ ചായക്കടയിൽ കയറി ചായയും തനിമയൂറുന്ന പലഹാരങ്ങളും കഴിച്ചു. ഇവിടെ ഉള്ള കടകളെല്ലാം കുടിൽ വ്യവസായങ്ങളെ പോലെ ആയിരുന്നു. വീടിന്റെ ഒരു ഭാഗമായിരുന്നു കടകളായിരുന്നത്. സ്വതന്ത്രമായ അങ്ങാടികളും കടകളും വിരളമായിരുന്നു.
നടത്തം കഴിഞ്ഞ് റൂമിൽ തിരിച്ചെത്തിയപ്പോൾ സമയം ഒമ്പതര കഴിഞ്ഞിരുന്നു. ജുമാ ദിവസമായതുകൊണ്ട് ഒരുപാട് നാട്ടുകാരെ വരാന്തയിൽ കണ്ടു.
പള്ളി ക്ലീൻ ചെയ്ത് സെറ്റ് ചെയ്യാൻ ഒരാൾ വന്നിരുന്നു. അയാൾ അതിൽ മുഴുകിയിരുന്നപ്പോൾ ഞങ്ങൾ രാവിലെ കണ്ട അടുത്തുള്ള ഒരു പുഴയിൽ കുളിക്കാൻ പോയി. ആഴമുള്ള ഭാഗം കണ്ടെത്താൻ കൂടെ വന്ന ഒരു പയ്യനും പുഴയുടെ അടുത്ത് കണ്ട രണ്ട്
ചെങ്ങായിമാരും സഹായിച്ചു. നോക്കെത്തും ദൂരത്ത് അയൽ ഗ്രാമത്തിലെ സ്ത്രീകൾ അലക്കുന്നുണ്ടായിരുന്നത് കൊണ്ട് ഞങ്ങൾ നാണിച്ച് പെട്ടെന്ന് കുളിച്ചു കയറി. വെള്ളത്തിന് എല്ല് തുളക്കുന്ന തണുപ്പായിരുന്നു.
ഖുതുബയുടെ മുമ്പുണ്ടായ മൗലയുടെ ഉർദുവിലുള്ള സംസാരം ഇസ്രാഇനെയും മിഅ്റാജിനെയും സംബന്ധിച്ചായിരുന്നു. ഖുതുബ ചുരുങ്ങിയ സമയത്തിൽ അവസാനിച്ചു. ജുമുഅക്ക് ശേഷം ഒരു രോഗിക്കുള്ള ഫണ്ട് സമാഹരണം നടന്നു.
മൗല പുറത്തിറങ്ങിയപ്പോൾ നാട്ടുകാരെയും കൂട്ടി ഒരു 'ജുമാ മുബാറക് പിക്' എടുത്തു.
ഊണിനുണ്ടായിരുന്ന ഭക്ഷണം നമ്മുടെ ബീഫ് ബിരിയാണിക്ക് സമാനമായിരുന്നെങ്കിലും നാളെ ബിരിയാണി ഉണ്ടാക്കിത്തരാം എന്ന് അവർ പറഞ്ഞപ്പോഴാണ് ഇത് 'തഹാട' എന്ന ഒരിനം ഭക്ഷണമാണെന്ന് മനസ്സിലായത്.
സലീം വാഫി കരുതി വച്ചിരുന്ന നെല്ലിക്കയും സുർക്ക വെള്ളവും കൂടി ആയപ്പോൾ ഊണ് കുശാലായി.
തഹാട കഴിച്ചു കഴിഞ്ഞപ്പോൾ ഒരു Kerala Vs Jarkhand ക്രിക്കറ്റ് മാച്ച് എന്ന ആശയം ആദ്യമുദിച്ചത് നിഫാദിനാണ്. ഞങ്ങളിൽ ചിലർ സമീപത്തെ ഗവർണമെന്റ് സ്കൂളിൽ പോയി. അധ്യാപകരെയും പുറത്തുണ്ടായിരുന്ന വിദ്യാർത്ഥികളെയും കണ്ട് സംസാരിച്ചു.
ആ സമയം ഗ്രൗണ്ടിൽ മാച്ച് ശരിക്കും മുറുകിയിരുന്നു. നാട്ടുകാർ പലരും കളി കാണാൻ വന്നു. ഞങ്ങൾ ചിലർ കുട്ടികളുമായി ഫുട്ബോൾ തട്ടി. ഒരുപാട് പേരുമായി സംസാരിച്ചു. ഞങ്ങളുടെ സർവ്വേ തുടങ്ങുന്നതിനു മുമ്പായി നാട്ടുകാരുമായി ഇങ്ങനെ Mingle ആവേണ്ടത് അനിവാര്യമായിരുന്നു. രാവിലെ മഞ്ഞു മറച്ച പല സ്ഥലങ്ങളും ഇപ്പോൾ വ്യക്തമായി കാണുന്നുണ്ട്.
ആദ്യ കളി ജാർഖണ്ഡ് വിജയിച്ചു. രണ്ടാം കളിയിൽ റഫീഫുസ്താദ് ഗെയിം ചേഞ്ചറായി. കേരളത്തിനായിരുന്നു ജയം. സമയം അഞ്ചു മണി കഴിഞ്ഞതുകൊണ്ട് പരമ്പര സമനിലയിൽ പിരിഞ്ഞു. നാളെ ഫുട്ബോൾ മാച്ചിന് വെല്ലുവിളിച്ചാണ് തിരിച്ചു റൂമിൽ എത്തിയത്. അസറും മഗരിബും ഒക്കെ കഴിഞ്ഞ് വീണ്ടും പ്രൊജക്റ്റിന്റെ അറ്റകുറ്റപ്പണികളിൽ മുഴുകി. നാളെ ഗ്രാമത്തിലെ കുട്ടികൾക്ക് ക്ലാസ് എടുക്കുന്നത് ഞങ്ങളാണ്. പിരീഡുകൾ ക്രമപ്പെടുത്തിയ ശേഷം ഇന്നത്തെ അനുഭവങ്ങളും അയവിറക്കി കിടന്നു. ഇന്നലത്തെ അപേക്ഷിച്ച് രാത്രി തണുപ്പ് കുറവായിരുന്നു.