രാസ്ത ഡയറീസ് _രാസ്ത ഡയറീസ് _ Pachmooriya, Dhanbad, JARKHAND DAY 1 01 Feb 2024 Thursday ദൻബാദിലെത്താനായി.. ഇന്ത്യയുടെ കോൾ സിറ്റിയിലേക്ക്.. ...
![]() |
രാസ്ത ഡയറീസ് |
_രാസ്ത ഡയറീസ് _
Pachmooriya, Dhanbad, JARKHAND
DAY 1
01 Feb 2024
Thursday
ദൻബാദിലെത്താനായി.. ഇന്ത്യയുടെ കോൾ സിറ്റിയിലേക്ക്.. ഇരുവശങ്ങളിലും വലിയ കൽക്കരി ഖനികളും ഖനിത്തൊഴിലാളികളും. ഖനി പ്രദേശങ്ങളെല്ലാം പുരാതന കെ.ജി.എഫിനെ ഓർമ്മിപ്പിക്കുന്നു. വർഷങ്ങളായി കുഴിച്ചെടുത്ത കല്ലുകളും പാറകളും കുമിഞ്ഞുകൂടി മറ്റൊരു പർവത പരമ്പര തന്നെ രൂപപ്പെട്ടിട്ടുണ്ട്.
സമയം 9 കഴിഞ്ഞിട്ടും നല്ല തണുപ്പും കോടയുമാണ്. ജോലിക്ക് പോകുന്നവരും സ്കൂൾ കുട്ടികളുമെല്ലാം സാധാരണ പോലെ റെയിൽവേ ഗേറ്റിനടുത്ത് ട്രെയിൻ കടന്നുപോകാനായി കാത്തിരിക്കുന്നു.
പത്തുമണിക്കാണ് ദൻബാദിലെത്തിയത്. ആലപ്പുഴ-ദൻബാദ് എക്സ്പ്രസിന്റെ അവസാന സ്റ്റേഷനാണിത്.അങ്ങ് കോയമ്പത്തൂർ മുതൽ തുടങ്ങിയ തിക്കും തിരക്കും പൂർണ്ണമായും ഇല്ലാതായിട്ടുണ്ട്.
ലഗേജെല്ലാം എടുത്ത് പുറത്തിറങ്ങി എല്ലാവരുമൊരിച്ച് ഫോട്ടോയും എടുത്ത് സ്റ്റേഷന് പുറത്തിറങ്ങി.
ദൻബാദ് സിറ്റിയിലേക്ക്...
പച്മൂരിയയിലേക്ക് വൈകുന്നേരം ആവുമ്പോഴേക്കും എത്തിയാൽ മതി. രണ്ടു മണിവരെ ദൻബാദ് ചുറ്റിക്കാണാൻ തീരുമാനിച്ചു. കച്ചവടക്കാരുടെ കലപിലയിലൂടെ ഗൂഗിൾ മാപ്പിൽ കണ്ട ഒന്നര കിലോമീറ്റർ ദൂരെയുള്ള ഒരു പാർക്ക് ലക്ഷ്യം വെച്ച് നടന്നു. ബാഗ് ഇറക്കി വെച്ച് അവിടെ കുറച്ച് നേരം വിശ്രമിച്ചു.
അവിടെ വെച്ച് നാടകീയമെന്ന് തോന്നിപ്പിക്കുന്ന ഒരു സംഭവമുണ്ടായി.
ഞങ്ങളുടെ കൂട്ടത്തിലെ അനുഗ്രഹീത നായകനും വ്ലോഗറും ഒക്കെ ആയ ഫാരിസിനെ ( Nick Name : പി.പി ) കാണാൻ ഈ ജാർഖണ്ഡിലെ ഒരു ഫാൻ ഗേൾ വരുന്നു.
ചേട്ടന്റെ ഫോണിൽ നിങ്ങളെ കണ്ടിട്ടുണ്ടെന്നും ഞാൻ നിങ്ങളുടെ വലിയ ഫാനാണെന്നും ഒക്കെ പറഞ്ഞു. അവസാനം കാലിലും വീണിട്ടാണ് അവള് പോയത്. പി. പി ക്ക് പുതിയ കണ്ടന്റായി.
നല്ല വിശപ്പുണ്ടായിരുന്നത് കൊണ്ട് നമ്മുടെ മിഠായി തെരുവ് പോലോത്ത ഒരു സ്ട്രീറ്റിൽ നിന്നും മസാല ദോശയും കഴിച്ചാണ് പച്മൂരിയയിലേക്ക് തിരിച്ചത്. കൂട്ടം തെറ്റിയ ചിലർ പള്ളി കോമ്പൗണ്ടിൽ നിന്ന് ഹാഫ് ബീഫ് ബിരിയാണി കഴിച്ചെന്നറിയാൻ കഴിഞ്ഞു.
1200 രൂപ പറഞ്ഞെങ്കിലും ഖലീലുസ്താദും റഫീഫുസ്താദും കൂടി വിലപേശി ഒരു ഓട്ടോക്ക് 900 എന്ന നിലക്ക് മൂന്ന് ഓട്ടോയിലാണ് പച്മൂരിയയിലെത്തിയത്.പിന്നീട് പച്മൂരിയയിലെത്തി മൗല പറഞ്ഞപ്പോഴാണ് 700 രൂപക്ക് ഇവിടെ എത്തിക്കുന്ന ഓട്ടോകളും ഉണ്ടെന്നറിഞ്ഞത്.
2 മണിക്കൂർ ഓട്ടമുണ്ടായിരുന്നു ദൻബാദിൽ നിന്ന്. ആളുകൾ എങ്ങനെ സ്വീകരിക്കുമെന്ന പേടിയായിരുന്നു യാത്രയിൽ മുഴുവൻ. ഇടുങ്ങിയ വഴിയിലൂടെ ഗ്രാമത്തിൽ പ്രവേശിക്കുമ്പോൾ ഒളിഞ്ഞും തെളിഞ്ഞും കണ്ട കണ്ണുകളും സംശയം നിഴലിക്കുന്ന മുഖങ്ങളും ആ പേടി കൂട്ടി.
പക്ഷേ, കിട്ടിയ സ്വീകരണം ഊഷ്മളമായിരുന്നു. മൗലയും മകൻ ഇമ്രാനും നൂർ ആലം ഭായിയും വസീമും എല്ലാവരും ചേർന്ന് 'ഉം ഫഹദ് പബ്ലിക് സ്കൂളിലേക്ക്' ഞങ്ങളെ ആനയിച്ചു. ഞങ്ങളുടെ താമസവും ഭക്ഷണവുമെല്ലാം ഒരുക്കിയിരുന്നത് അവിടെയായിരുന്നു. ലാഗേജ് ഇറക്കി വെച്ച് നാട്ടുകാരിൽ പലരോടും സംസാരിച്ച് നാട് കാണാൻ ഇറങ്ങിയപ്പോഴേക്കും ഉം ഫഹദ് സ്കൂളിൽ നിന്നും മഗ്‌രിബ് ബാങ്ക് മുഴങ്ങി. അപ്പോൾ സമയം 5:33 PM. ഇവിടെ നേരത്തേ സൂര്യാസ്തമനം ഉണ്ടാവുമെന്ന് അറിയാമായിരുന്നെങ്കിലും ഇതിച്ചിരെ നേരത്തെ ആയോ എന്ന് തോന്നിപ്പോയി. ഇന്ന് അവരോടൊപ്പം ഫുട്ബോളൊക്കെ കളിച്ച് തുടങ്ങാമെന്നായിരുന്നു പ്ലാൻ.
ഏതായാലും മഗ്‌രിബ് നിസ്കാരം കഴിഞ്ഞ് റൂമിൽ ഒത്ത് കൂടി നാളേക്കുള്ള പ്രൊജക്ടല്ലാം സെറ്റ് ചെയ്തു. പലപ്പോഴായി അവിടെ വന്ന നാട്ടുകാരോടെല്ലാം കുശലം പറഞ്ഞു.
മനുഷ്യന് മനുഷ്യനെ അറിയാൻ ഭാഷ ഒരു പ്രതിബന്ധമല്ലെന്ന് മനസ്സിലായി. ഞങ്ങൾക്കുള്ള ഭക്ഷണവും അവിടെ തന്നെ ആയിരുന്നു ഒരുക്കിയിരുന്നത്. നാട്ടുകാർ ആ തിരക്കിലായിരുന്നു. ഞങ്ങൾ സഹായിക്കാമെന്ന് പറഞ്ഞെങ്കിലും അവരത് സ്നേഹ പൂർവ്വം നിരസിച്ചു.
പുറത്ത് ഗ്രാമം ഉറങ്ങിതുടങ്ങിയിരുന്നു. ഇശാ നമസ്കാരത്തോടെ എല്ലാവരും ഉറങ്ങിക്കഴിയുമത്രെ... കുട്ടികളുടെ ശബ്ദം പോലും എവിടെയും കേൾക്കാനില്ല. ഞങ്ങളും ഇശാ നമസ്കാരം കഴിഞ്ഞ് നല്ല ചപ്പാത്തിയും കറിയും കഴിച്ച് സ്കൂളിന്റെ താഴേ നിലയിൽ കിടക്ക വിരിച്ചു.
കുറച്ച് മുമ്പ് നിസ്കാരം നിർവഹിച്ചതും ആ ഹാളിൽ തന്നെ ആയിരുന്നു. നാളെ ജുമുഅ നിസ്കരിക്കുന്നതും ഇവിടെ തന്നെ... നല്ല തണുപ്പുണ്ടായിരുന്നെങ്കിലും നാളെ മുതൽ അനുഭവിച്ചറിയാനിരിക്കുന്ന പച്മൂരിയയെ ഇന്നേ സ്വപ്നത്തിൽ കാണാമെന്ന പ്രതീക്ഷയിൽ സുഖമായി ഉറങ്ങി.