ഫർഹ: ജീവിതത്തിന്റെ തുറന്നിട്ട പഴുതുകൾ ഫാസിൽ പട്ടാമ്പി 9745019789 ജീവിതത്തിന്റെ വർണ്ണാഭമായ സ്വപ്നങ്ങൾ നെയ്തെടുക്കുന്നത് ബാല്യകാലങ്ങളിലാണ്.ക...
ഫർഹ: ജീവിതത്തിന്റെ തുറന്നിട്ട പഴുതുകൾ
ഫാസിൽ പട്ടാമ്പി
9745019789
ജീവിതത്തിന്റെ വർണ്ണാഭമായ സ്വപ്നങ്ങൾ നെയ്തെടുക്കുന്നത് ബാല്യകാലങ്ങളിലാണ്.കഥ പറഞ്ഞും രസിച്ചും നടക്കേണ്ട പിഞ്ചുകുഞ്ഞുങ്ങൾ ഈർഷയോടെ കയ്യിൽ ചരൽക്കല്ലുകൾ പെറുക്കിയെടുത്തെറിയുന്ന ദുരവസ്ഥയെ പറ്റി ചിന്തിച്ചുനോക്കൂ ?എങ്ങനെയാണ് അവർക്കതിനു സാധിക്കുക ? ബയണറ്റുകൾ നിറച്ച തോക്കുമായി വരുന്ന ഇസ്രായേൽ സൈന്യത്തിനു മുമ്പിൽ നെഞ്ചുവിരിച്ച് നിൽക്കാനുള്ള മനോധൈര്യം ആരാണിവരിൽ സന്നിവേശിപ്പിച്ചത് ?
ചരിത്ര യാഥാർഥ്യങ്ങളെ കൂടുതൽ കാലം മറച്ചുവെക്കാൻ കഴിയില്ല.അവ ചില പഴുതുകൾ വഴി ലോകം അറിയപ്പെടും.ഭീകരതയുടെ ഇരുണ്ട മുഖങ്ങൾ മനോഹരമായ സ്വപ്നങ്ങളെ ശിഥിലമാക്കിയതിന്റെ കഥയാണ് ഫർഹ. 14 വയസുകാരിയായ ഫർഹ കൂട്ടുകാരിയുമായി തന്റെ സ്വപ്നം പങ്കുവെച്ചിരിക്കുമ്പോഴാണ് കാതുകളിൽ തോക്കിന്റെ ശബ്ദം ഇരച്ചു കയറി വന്നത്. പിന്നീടുള്ള നിമിഷങ്ങൾ കാണികളെ പോലും മുൾമുനയിൽ നിർത്തുന്നതായിരുന്നു.വായിച്ചും പഠിച്ചും വലിയ ഉന്നതിയിലെത്തി ഗ്രാമത്തിൽ പെൺകുട്ടികൾക്കായി ഒരു സ്കൂൾ തുടങ്ങണമെന്ന ആഗ്രഹത്തോടെ ജീവിക്കുന്ന ഒരു പെൺകുട്ടിയാണവൾ. ഗ്രാമത്തലവന്റെ സന്തതി. പുഴക്കരയിൽ നിന്നും കൗതുകത്തോടെ വായിച്ചാസ്വദിച്ചിരുന്ന അവളുടെ കണ്ണുകൾ ദൃശ്യാവിഷ്കാരത്തിനൊടുവിൽ ഈറനണിഞ്ഞതായി കാണാം.അധിനിവേശത്തിന്റെ ഇരകളുടെ യാതനകൾ തുറന്നു കാട്ടുന്ന ഈ ചലച്ചിത്രം പലസ്തീനിലെ നിസ്സഹായരായ ഒരുപറ്റം ആളുകളുടെ ജീവിതത്തിലേക്ക് വിരൽചൂണ്ടുകയാണ്.
1948-49 പശ്ചാത്തലത്തിൽ ചിത്രീകരിക്കപ്പെട്ട ഈ ചലച്ചിത്രം അന്നത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളുടെ ഒരു തുറന്ന പുസ്തകം തന്നെയാണ്.കുടിയിറക്കപ്പെട്ടവന്റെ ദൈന്യതയും പിടിച്ചടക്കിയവന്റെ അഹങ്കാരവും ദൃശ്യവൽക്കരിക്കുന്നതിൽ ജോർദാൻ വംശജയായ ദാറിൻ സലാമിന്റെ അസാമാന്യമായ കഴിവ് പ്രതിഫലിപ്പിച്ച ചലച്ചിത്രം കൂടിയാണിത്. സയണിസത്തിന്റെ തീക്ഷ്ണ ഭാവങ്ങളെ ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുക്കുന്നതോടൊപ്പം മനസിന്റെ ആ കുലതകളെയും ഒരേസമയം പ്രതിഫലിപ്പിക്കാൻ ഈ സംവിധായക കഴിഞ്ഞിട്ടുണ്ട്.യുദ്ധം മനുഷ്യരെ നിരാലംബരാക്കുമെന്ന് മാത്രമല്ല ചില നിർബന്ധിത സാഹചര്യങ്ങളിലേക്ക് തള്ളിവിടുമെന്നതും ഒരു യാഥാർത്ഥ്യമാണ്.അതിന്റെ നേർപകർച്ചയാണ് ഈ ദൃശ്യാവിഷ്കാരം.യാഥാർത്ഥ്യബോധങ്ങളും ഹിഡൻ അജണ്ടകളും മുഖ്യധാരയിൽ വിഷയീഭവിച്ചത് കൊണ്ടാണ് ഈ സിനിമ റിലീസ് ചെയ്യുനതിൽ 2021ൽ നെറ്റ് ഫ്ലിക്സ് നിരോധനത്തിനുള്ള മുറവിളിയുമായി ഇസ്രായേലുകൾ ലോകരാഷ്ട്രീയത്തിൽ അസ്വസ്ഥത പടർത്തിയത്.പടുത്തുയർത്തിയ നുണയുടെ ചീട്ടുകൊട്ടാരങ്ങൾ നിമിഷങ്ങൾക്കകം തകർന്നടിയുമെന്ന ഭീതിയുടെ ആഘാതം ചെറുതൊന്നുമായിരുന്നില്ല.കൊളോണിയൽ ശക്തികളുടെ സമ്മർവം വഴി ഒരു രാഷ്ട്രം വെട്ടി മുറിച്ച് പകുത്തിട്ടതിന്റെ ദുരവസ്ഥയും ഇസ്രായേലിന്റെ അവസരോചിതമായ മുതലെടുപ്പുമെല്ലാം ഇതിൽ പ്രതിപാദ്യ മാകുന്നു.ആരും കാണാത്ത നഖ്ബയുടെ കണ്ണീർ വാർക്കുന്ന ദുരിതങ്ങളെ അടച്ചിട്ട ഇരുണ്ട മുറിയുടെ ദ്വാരങ്ങളിലൂടെ ലോക ജനതയ്ക്ക് മുമ്പിൽ വരച്ചു കാട്ടുന്നതാണ് ഫർഹയുടെ ഉള്ളടക്കം.
വായനയെ കൂടപ്പിറപ്പാക്കിയ ഫർഹ പരമ്പരാഗത മതപഠനത്തിലുപരി ഉന്നത പഠനങ്ങൾക്കായി പൊരുതുന്ന പ്രതിബദ്ധതയാർന്ന സ്ത്രീത്വത്തിന്റെ പ്രതീകം കൂടിയാണ്.നിശ്ചയദാർഢ്യത്തിലൂടെ ആവശ്യങ്ങൾ ഉന്നയിക്കാനും നേടിയെടുക്കാനും അവൾ നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നു.ആഗ്രഹങ്ങളുടെ ചിറകിലേറി പറന്നുയരാൻ അവൾ ആഗ്രഹിച്ചപ്പോഴേക്കും ഇസ്രായേലിന്റെ ബയണറ്റുകൾ ആ ചിറകുകൾ കരിച്ചു കളഞ്ഞു.കൂട്ടുകാരി ഫരീദയോടൊപ്പം രക്ഷപ്പെടാൻ ഉപ്പ ആവർത്തിച്ചു പറഞ്ഞിട്ടും യുദ്ധമുഖത്ത് സ്വന്തം പിതാവിനെ തനിച്ചാക്കാൻ അവൾക്കായില്ല.പോരാട്ടത്തിന്റെ അരക്ഷിതാവസ്ഥയിലേക്ക് ഇറങ്ങിയോടുന്ന മകളെ പ്രകാശം പോലും കടന്നുചെല്ലാത്ത ധാന്യപ്പുരക്കുള്ളിൽ അദ്ദേഹം പൂട്ടിയിടുന്നു.വാതിൽ പാളികളിൽ കൊളുത്തിടുന്ന നേരം "മോളെ, ഞാൻ നിന്നെ കൊണ്ടുപോകാൻ തിരിച്ചു വരും" എന്ന വാക്കിൽ പ്രതീക്ഷയർപ്പിച്ച് ഏകാന്തതയിൽ ദിനങ്ങൾ എണ്ണി കാത്തിരുന്നു.വാത്സല്യത്തോടെയുള്ള "ഫർഹ" എന്ന പിതാവിന്റെ വിളിയും കാതോർത്ത് കൊണ്ട്.
നിസ്സഹായവസ്ഥ മൂർത്തീഭാവം കൈക്കൊണ്ടിരിക്കുമ്പോൾ ഒരു പെണ്ണിളം മനസ്സ് അനുഭവിക്കുന്ന ആകുലതകളും വ്യാകുലതകളുമാണ് പിന്നീട് രംഗം കീഴടക്കിയത്.അവളുടെ ഓരോ ചലനവും അതിസൂക്ഷ്മമായിരുന്നു.ഓരോരുത്തരും ആ അനുഭവങ്ങളുടെ വൈകാരിക തലങ്ങളെ അനുഭവിക്കാതെ കടന്നുപോകില്ല.ഒരിറ്റു ദാഹജലനത്തിനായി കൂജയുടെ അരികിൽ ചെന്ന് നിൽക്കുമ്പോൾ അവളുടെ തൊണ്ട വരളുന്ന ദാഹം നമുക്ക് മനസ്സിലാക്കാം.മൂത്രമൊഴിക്കാനായി ഒരിടം തേടുമ്പോൾ അവൾ അനുഭവിക്കുന്ന പിരിമുറുക്കം നാം തിരിച്ചറിയും. കുടിയൊഴിപ്പിക്കുന്നതിനായി ഇസ്രയേൽ പട്ടാളം ഉപയോഗിക്കുന്ന വാതകം അവളുടെ ശ്വാസക്രമത്തെ വരിഞ്ഞുമുറുക്കും.ഒറ്റപ്പെട്ടിരിക്കുമ്പോൾ ആദ്യമായി ആർത്തവരക്തം പുറപ്പെട്ടതിന്റെ പരിഭ്രാന്തി പറഞ്ഞറിയിക്കുന്നതിലുമപ്പുറം ആയിരിക്കും.മുമ്പെപ്പോഴോ സഞ്ചിയിൽ പറിച്ചു വെച്ച പഴങ്ങൾ ചീഞ്ഞു പോയത് സമൃദ്ധമായിരുന്ന ജീവിതത്തിന്റെ ദുരിതങ്ങളിൽ ഞെരിഞ്ഞമർന്നതിന്റെ കൈപ്പുനീരായി പ്രതിഫലിക്കും .
ഇരുൾമുറ്റിയ മുറിയിലെ ചെറിയ ദ്വാരമാണ് പിന്നീട് കഥയുടെ ദിശ നിർണയിക്കുന്നത്.പേറ്റു നോവുമായി തന്റെ വീട്ടിലേക്ക് കടന്നുവരുന്ന അബൂ മുഹമ്മദിന്റെ ഭാര്യ ഒരു ആൺകുഞ്ഞിന് ജന്മം നൽകുന്നു. യുദ്ധ ഭൂമിയിൽ നിന്നും വിലങ്ങണിയിക്കപ്പെട്ട തന്റെ പിതാവിനെ നോക്കുകുത്തിയാക്കി സൈന്യം ആളുകളെ തിരഞ്ഞുപിടിച്ച് വകവരുത്തുന്നു.ആ ഓട്ടം അബൂ മുഹമ്മദിന്റെയും കുടുംബത്തിന്റെയും കൺമുന്നിൽ വന്നു നിൽക്കുന്നു. ആ ദ്യശ്യം മാത്രമായിരുന്നു പിന്നീട് ഫർഹയിൽ മുറവിളി കൂട്ടിയത്. മാനുഷിക പരിഗണന പോലുമില്ലാതെ സൈനികർ ആ കുടുംബത്തെ അമർച്ച ചെയ്യുന്നു. പിഞ്ചുകുഞ്ഞുങ്ങളുടെ പ്രായം പോലും പരിഗണിക്കാതെ വെടിയുതിർക്കുന്നു.ജീവനുള്ളവരുടെ കരളലിയിപ്പിക്കുന്ന രംഗം . ഓരോ നിമിഷങ്ങളെയും പകർത്തിയെടുക്കുന്ന ക്യാമറ പോലും ഒരു വേള വിറങ്ങലിച്ചിട്ടുണ്ടാകും. ഒരുപക്ഷേ, ജീവനുണ്ടായിരുന്നെങ്കിൽ ക്യാമറ ആ രംഗം പകർത്തില്ലായിരുന്നു എന്ന് വേണം പറയാൻ . ചോരപ്പൈതലിനോട് പോലും അക്രമോത്സുകമാകാൻ കല്പിക്കുന്നവർക്ക് മുമ്പിൽ ഒരു മനുഷ്യൻ നിസ്സഹായനാവുകയാണ്.അവിടെ ഫർഹ സർവ്വ നിയന്ത്രണവും നഷ്ടപ്പെട്ടവളായി മാറി. ആ ചോര കുഞ്ഞിന്റെ കരച്ചിലിന് മുമ്പിൽ സൈനികർക്കെതിരെ കൈത്തോക്ക് മാത്രം ചൂണ്ടിയിരുന്ന ഫർഹ തോക്കുമായി വാതിലിലേക്ക് നിറയൊഴിച്ചു. മുന്നിലൂടെ ഇസ്രായേൽ സൈനികർ കടന്നു പോകുമ്പോഴേക്കും ഫലസ്തീൻ കുരുന്നുകൾ കല്ലുകൾക്കായി തിരയുന്നതിന്റെ ചുരുളുകൾ ഒട്ടുങ്ങുന്നതിവിടെയാണ്.
വാതിൽ തുറന്നു കഴിഞ്ഞ ഫർഹക്ക് മുമ്പിൽ ശൂന്യത തളംകെട്ടി നിന്നു. പിതാവും സുഹൃത്തും ആരോരുമില്ലാത്ത മരവിപ്പിന്റെ നിമിഷങ്ങൾ.മുന്നിലുള്ള കാഴ്ചകൾ പോലും കാണാതെ അവളുടെ കണ്ണുകൾ നിശ്ചലമായി.ചിതറി കിടക്കുന്ന ജഢങ്ങളും ചോര പുഴകളും താണ്ടി അവൾ അറ്റമില്ലാതെ മുന്നോട്ടു നീങ്ങുകയാണ്.ഒരു ജനതയുടെ തകർന്നടിഞ്ഞ സ്വപ്നവുമായി അവൾ തെരുവിലേക്ക് ആട്ടിയിറക്കപ്പെട്ടു.
ദൃശ്യാവിഷ്കാരത്തിലപ്പുറം ഇതിൽ സത്യസന്ധമായി യാതൊന്നുമില്ലെന്ന് കരുതേണ്ടതില്ല.ഫലസ്തീനിൽ നിന്നും സിറിയയിലേക്ക് അഭയം പ്രാപിച്ച റാദിഹ് എന്ന പെൺകുട്ടിയുടെ കഥയാണ് ദാറിൻ ചിത്രീകരിച്ചത്.അനുഭവസാക്ഷ്യങ്ങളോളം വലിയ തെളിവുകൾ ഇനി നിരത്തേണ്ടതില്ലല്ലോ. ടെറന്റോ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടെ പ്രദർശിപ്പിച്ച ഈ ദൃശ്യങ്ങൾക്ക് 2022 ൽ ഏഷ്യൻ പെസഫിക് സ്ക്രീൻ അവാർഡ്സിലെ മികച്ച ഫീച്ചർ സിനിമക്കുള്ള അവാർഡുകൾ ഉൾപ്പെടെ അനവധി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്.സത്യാനന്തരകാലത്ത് അധീശത്വത്തിന്റെ കാപട്യങ്ങൾക്കെതിരെയുള്ള പ്രതിരോധത്തിന്റെ പേര് കൂടിയാണ് "ഫർഹ " .
ലോക ശക്തികൾ ഒന്നിച്ച് ആസൂത്രണം ചെയ്ത വഞ്ചനയിലൂടെ ഒരു നാടും അവിടുത്തെ ആവാസ വ്യവസ്ഥയും തകർത്തു തരിപ്പണമാക്കിയതിന്റെ ദൃശ്യങ്ങളാണിവ.75 വർഷങ്ങളായി ഒരു ജനത രക്തസാക്ഷിയായി കൊണ്ടിരിക്കുകയാണ്. അവരാൽ ആ നാട് സുഗന്ധപൂരിതമാകും എന്ന വിശ്വാസമാണ് അവർക്കെന്നും പ്രേരകമാകുന്നത്.1948ലെ നഖ്ബ ദുരന്തങ്ങളിൽ 500 ഗ്രാമങ്ങൾ നാമാവശേഷമായി. ആയിരം കിലോമീറ്റർ വഴി ദൂരം നിശ്ചലമായി. അഭയാർത്ഥി ക്യാമ്പുകളിൽ പോലും വെടിയുതിർത്തു. 7 ലക്ഷം പേരെ നാട്ടിൽ നിന്നും ആട്ടിയോടിച്ചു. ആരുടെ ഇച്ഛകൾ പൂർത്തിയാക്കാനാണിതെല്ലാം വാരിക്കൂട്ടിയത് ? ബലപ്രയോഗത്തിലൂടെ ഒരു ജനതയുടെ സ്വസ്ഥത തകർക്കുന്നത് അതിഭീകരം തന്നെ.
സമീപകാലത്ത് വീണ്ടും ഫലസ്തീൻ - ഇസ്രായേൽ പ്രശ്നം സജീവമായിരിക്കുകയാണ്.ജീവിതത്തിന്റെ ഞെരുക്കങ്ങൾക്കിടയിൽ നിന്നും ഒരു ജനത തിരിച്ചടിച്ചതിന് അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം സംവാദങ്ങൾ പിരിമുറുക്കുന്നു. എന്നാൽ നീക്കിയാൽ കാണുന്ന മറക്കപ്പുറത്ത് ഹമാസിന്റെ പ്രതിരോധത്തിനും അക്രമത്തിനും പിന്നിൽ ആഴ്ന്നിറങ്ങിയ കുരുതി വെപ്പിന്റെ കഥ കണ്ടെത്താൻ കഴിയും. ജീവന്റെ നിലനിൽപ്പിനായി ഒരുപറ്റം മനുഷ്യർ ഇവിടെ പോരാടുകയാണ്. ഇസ്രായേലിനെയും ഫലസ്തീനെയും ഇരുവശത്തായി നിർത്തി നിഷ്പക്ഷ വിശകലനം തുടങ്ങുന്ന നിമിഷം തന്നെ കൊടിയ അനീതി നടപ്പിലാക്കി കഴിഞ്ഞിരിക്കുന്നു.ഈ തിരിച്ചറിവിൽ നിന്നാണ് ലോകം പ്രശ്നത്തെ സമീപിക്കേണ്ടത്. കാരണം നീറുന്ന അനുഭവങ്ങളുടെ നേർസാക്ഷ്യമാണ് "ഫർഹ ".