കമ്മ്യൂണിസ്റ്റ് പാർട്ടിയും മുസ്ലിം സമുദായവും എക്കാലത്തും മതങ്ങൾക്കെതിരെ പത്തിവിടർത്തി വിഷം ചീറ്റിയ നാളുകളാണ് കമ്മ്യൂണിസ്റ്റ് ചരിത്രങ്ങൾക്ക...
കമ്മ്യൂണിസ്റ്റ് പാർട്ടിയും മുസ്ലിം സമുദായവും
എക്കാലത്തും മതങ്ങൾക്കെതിരെ പത്തിവിടർത്തി വിഷം ചീറ്റിയ നാളുകളാണ് കമ്മ്യൂണിസ്റ്റ് ചരിത്രങ്ങൾക്ക് പറയാനുള്ളത്. ലോകം സ്വയംഭൂവാണെന്നും, അതിന്റെ സൃഷ്ടിപ്പിൽ ദൈവത്തിനൊരു പങ്കുമില്ലെന്നും, പ്രപഞ്ചം പദാർത്ഥ സംഘട്ടനത്തിന്റെ പരിണിതഫലമാണെന്നും വാദിക്കുന്ന ഹെഗലിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദമാണ് ലോകത്തെ മുഴുവൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയെല്ലാം അടിസ്ഥാനവിശ്വാസവും സിദ്ധാന്തവും. പൂർണ്ണമായും നിരീശ്വരവാദത്തിലധിഷ്ഠിതമായ ഈ ആശയത്തിന്റെ സംസ്ഥാപനമാണ് കമ്മ്യൂണിസ്റ്റുകളുടെ പ്രഖ്യാപിത ലക്ഷ്യം.
തൊഴിലാളിയധിഷ്ഠിത സ്റ്റേറ്റും സോഷ്യലിസവും വൈരുദ്ധ്യാതിഷ്ഠിത ചരിത്രവാദവുമെല്ലാം ഈ ലക്ഷ്യത്തിലേക്കുള്ള മാർഗങ്ങൾ മാത്രമാണ്. രക്തരൂക്ഷിത വിപ്ലവങ്ങളാണ് കമ്മ്യൂണിസത്തിന്റെ രീതിയെങ്കിലും കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയിൽ സി.പി.എമ്മിന് അത് അസാധ്യമാണ്. മുഖ്യമായും കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളെ നഖശിഖാന്തം എതിർക്കുന്ന മുസ്‌ലിംകൾ എന്ന ബാലികേറാമലയെ കീഴടക്കാൻ പിന്നെയുള്ള ഏകമാർഗം പ്രീണനത്തിന്റേതും വ്യാജസ്നേഹത്തിന്റെതുമാണ്. അത് തന്നെയാണ് അവരിവിടെ പയറ്റുന്നതും.
മുൻകാല സി.പി.എം നേതാക്കൾ മുതൽ ഇന്ന് പിണറായി വിജയൻ വരെയെത്തിനിൽക്കുന്നു വ്യവസ്ഥാപിതമായ ഈ മൂന്നാംകിട ചതിപ്രയോഗത്തിന്റെ പരമ്പര. ഓടുന്ന ട്രെയിനിന് മനപ്പൂർവ്വം തലവെച്ചു കൊടുക്കാതിരിക്കലാണ് സമുദായത്തിന് അഭികാമ്യം.
സഖാവ് ഇ.എം.എസിന് ശേഷം ചിന്താവാരികയിലെ ചോദ്യോത്തരപംക്തി കൈകാര്യം ചെയ്തിരുന്ന സഖാവ് വി.എസ് അച്യുതാനന്ദനോട്, ചില തിരഞ്ഞെടുപ്പുകളിൽ മുസ്‌ലിം വോട്ടുകളുടെ സഹായത്തോടെ സി.പിഎം വിജയിച്ചതിനെക്കുറിചൊരു ചോദ്യം വന്നു. മതവിശ്വാസികളോട് ഒരുനിലക്കും യോജിക്കാത്ത കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം മൗലാനമാരുടെ കൂടെ വേദി പങ്കിടുന്നതും അവരുടെ മജ്‌ലിസുകളിൽ ചെന്ന് വോട്ട് തേടുന്നതും എന്തിനാണ് എന്നതായിരുന്നു ചോദ്യത്തിന്റെ ഉള്ളടക്കം. അതിന് വി.എസ് അച്യുതാനന്ദൻ മറുപടിയെഴുതിയതിങ്ങനെ : "കമ്മ്യൂണിസത്തിന്റെ അടിസ്ഥാനം വൈരുദ്ധ്യാത്മക ഭൗതികവാദം തന്നെയാണ്. പക്ഷെ, അത് പ്രായോഗികവത്കരിക്കണമെങ്കിൽ പ്രദേശങ്ങളോട് യോജിച്ച ചില നാടകങ്ങൾ ആവശ്യമായിവരും, അവരുടെ വേദികളിൽ പോയും സ്വീകരണം ഏറ്റുവാങ്ങിയും അവരെ നമ്മുടേതാക്കുകയാണ് വേണ്ടത്. അവരോട് ഏറ്റുമുട്ടി കമ്മ്യൂണിസം സ്ഥാപിക്കുകയെന്നത് അസാധ്യമായതിനാൽ അവരെ സ്നേഹിച്ചും അവരുടെ സ്നേഹം വാങ്ങിയും ക്രമേണ അവരെ മതനിഷേധിയാക്കുകയെന്നതാണ് നമ്മുടെ ലക്ഷ്യം. അത് കൊണ്ട് അവസാനത്തെ മതവിശ്വാസിയും കമ്മ്യൂണിസ്റ്റാകുന്നത് വരെ നമുക്ക് വിശ്രമമില്ല".
ഈ നാടകത്തെ മനോഹരമായി അവതരിപ്പിക്കുന്നതിൽ നാളിതുവരെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ അമാന്തം കാണിച്ചിട്ടുമില്ല.
കമ്മ്യൂണിസം ഹറാമാണ് എന്ന് ഫത്‌വ നൽകിയിരുന്ന കാലഘട്ടത്തിൽ നിന്ന് വിഭിന്നമായി കമ്മ്യൂണിസ്റ്റുകളുമായി യോജിച്ചുപോകുന്നതിൽ തെറ്റില്ല എന്നും, പരസ്പരം കൊടുക്കൽ-വാങ്ങലുകളുമാവാം എന്നുമുള്ള പൊതുബോധം മുസ്ലിംകൾക്കിടയിൽ ഇന്ന് നിലനിൽക്കുന്നതിന് പിന്നിൽ കേരളത്തിലെ ചെങ്കൊടിപ്രസ്ഥാനങ്ങളുടെ ഇത്തരം അരങ്ങുതകർത്ത നാടകങ്ങളാണ് എന്നതാണ് സത്യം. മുസ്‌ലിം സമുദായവുമായി അടുക്കാനും ഇടപെടാനുമുള്ള എല്ലാ പഴുതുകളും ഇവർ പരമാവധി ഉപയോഗപ്പെടുത്തുന്നു. കെ.ടി ജലീൽ എന്ന ഇടത് സഹയാത്രികനായ ഒരു എം.എൽ.എക്ക് പിണറായി വിജയൻ നയിക്കുന്ന റാലിക്കിടെ റോഡിൽ മുസല്ലയിട്ട് നിസ്കരിക്കേണ്ടിവരുന്നതും കമ്മ്യൂണിസത്തിൽ വിശ്വാസിക്ക് ഇടമുണ്ട് എന്ന ചതിപ്രയോഗത്തിന് വളമിടാൻ വേണ്ടിത്തന്നെയാണ്. അന്യായമായി വഖഫ് ബോർഡിലെ നിയമനം മാത്രം പി.എസ്.സി ക്ക് വിടാൻ തീരുമാനിക്കുകയും പിന്നീടത് പിൻവലിച്ചു മുസ്‌ലിം സമുദായത്തിന്റെ രക്ഷകനായി അവതരിക്കുന്നതും ഈ മൂന്നാംകിട രാഷ്ട്രീയനാടകത്തിൻറെ ഭാഗമാണ്.
പക്ഷെ, ഇതിനൊക്കെയിടയിലും അവസരം കിട്ടുമ്പോഴെല്ലാം തങ്ങളുടെ മതവിരുദ്ധ അജണ്ടകൾക്ക് വെള്ളമൊഴിക്കാൻ ഇടതുപക്ഷം മറക്കാറില്ല. കേരളത്തിൽ ലൗജിഹാദ് വ്യാപകമാണെന്ന് വ്യാജപ്രചരണം നടത്തി മുസ്‌ലിം സമുദായത്തെ ഒന്നടങ്കം പ്രതിസ്ഥാനത്ത് പ്രതിഷ്ഠിച്ചത് കമ്മ്യൂണിസ്റ്റുകൾ തന്നെയാണ്. മുസ്‌ലിം സമുദായത്തിനവകാശപ്പെട്ട സ്‌കോളർഷിപ്പ് വിഹിതം വെട്ടിക്കുറച്ചതും ചെങ്കൊടിയേന്തിയ പിണറായി ഭരണകൂടമായിരുന്നു.
1989ൽ വി.പി സിംഗ് സർക്കാരിന്റെ കാലത്ത് സംവരണത്തിന്റെ മാനദണ്ഡം സമുദായികമാക്കണമെന്ന മണ്ഡൽ കമ്മീഷൻ റിപ്പോട്ട് പാർലമെന്റിൽ ചർച്ചാവിഷയമായി. പ്രതിപക്ഷത്തായിരുന്നിട്ട് കൂടി രാജ്യത്തെ അധസ്ഥിത ന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വത്തിന് വേണ്ടി മുസ്‌ലിംലീഗിന്റെ പാർലമന്റ് അംഗങ്ങളായിരുന്ന രണ്ടുപേരും ഭരണപക്ഷത്തിന് പ്രശ്നാധിഷ്ഠിത പിന്തുണ നൽകിയപ്പോഴും ഇ.എം.എസിന്റെ നേതൃത്വത്തിൽ ഇടത് എം.പിമാർ സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തികമാവണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു.
പവിത്രമായ പ്രവാചക ജീവിതത്തെയും അവിടുത്തെ ഭാര്യമാരെയും അനുചരന്മാരെയും മാന്യതയുടെ സകലസീമകളും ലംഘിച്ചാക്ഷേപിക്കുന്ന സൽമാൻ റുഷ്‌ദിയുടെ "ദി സാത്താനിക് വേഴ്സസ്" എന്ന പുസ്‌തകത്തിന് ഇന്ത്യയിൽ രാജീവ് ഗാന്ധി നിരോധനമേർപ്പെടുത്തിയപ്പോൾ , "മതമൗലിക വാദികൾക്ക് മുമ്പിൽ പ്രധാനമന്ത്രി മുട്ടുമടക്കി. ഈ നിരോധനം ആവിഷ്കാര സ്വാതന്ത്രത്തിന്റെ കടക്കൽ കത്തിവെക്കലാണ്" എന്ന ന്യായങ്ങൾ ബാനറിലെഴുതി നാടൊട്ടുക്കും സമരം ചെയ്തത് ചെങ്കൊടി പിടിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളായിരുന്നു.
ഒരുവശത്ത് ന്യുനപക്ഷ പ്രീണനം ലക്ഷ്യമിട്ട് പൗരത്വനിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുകയും, എന്നാൽ സമരം ചെയ്തവർക്കെതിരെ ഇരുട്ടിന്റെ മറവിൽ കേസുകൾ ഫയൽ ചെയ്യുകയും ചെയ്യുന്നത് പിണറായി വിജയനെന്ന കമ്മ്യൂണിസ്റ്റുകാരന് തന്റെ ഐഡിയോളജിയോടുള്ള പ്രതിബദ്ധതയെ അളക്കാൻ മതിയായതാണ്. ഇത്തരം അനവധി സത്യങ്ങൾ പകൽവെളിച്ചം പോലെ നമുക്ക് മുമ്പിൽ കത്തിനിൽക്കുമ്പോഴും വീണ്ടും ഇരയാകാൻ നിന്നുകൊടുക്കാതിരിക്കലാണ് അഭികാമ്യം. ശത്രുവാണെന്നറിഞ്ഞിട്ടും ആട്ടിൻപറ്റത്തിനു കാവലായി ചെന്നായയെ അയക്കുന്നതിന് തുല്ല്യമാണത്.
മാറ്റമില്ലാത്ത സിദ്ധാന്തവും ലക്ഷ്യവും
നാളിതുവരെ മുസ്ലിംകൾക്കെതിരെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി കൈകൊണ്ട നിലപാടുകളും തീരുമാനങ്ങളും തിരുത്താനോ തള്ളിപറയാനോ അവരാരും തയ്യാറായിട്ടില്ല. അവ ഇന്നും പാർട്ടിയുടെ നയങ്ങളാണെന്നത് വ്യക്തമാണ്. ന്യുനപക്ഷ പ്രീണനം നടത്തി മതവിശ്വാസികൾക്കിടയിലും പരോക്ഷമായ ഹോൾഡ് ഉണ്ടാക്കിയെടുക്കാൻ സി.പി.എമ്മിന് സാധിച്ചിട്ടുണ്ട്. മത നേതൃത്വം ഹറാമെന്ന് വിധികല്പിച്ച കമ്മ്യൂണിസത്തോട് സാമുദായിക സംഘടനകൾക്ക് സോഫ്റ്റ് അപ്പ്രോച്ച് ആണ് ഇന്നുള്ളതെങ്കിൽ അത് കമ്മ്യൂണിസ്റ്റ് അജണ്ടയുടെ വിജയമാണെന്ന് അനുമാനിക്കാം.
ഏക സിവിൽ കോഡിനെതിരെയുള്ള നീക്കങ്ങളിൽ മുസ്‌ലിം സമുദായത്തിന്റെ രക്ഷകനായവതരിച്ച് പ്രക്ഷോഭങ്ങളുടെ നേതൃനിരയിൽ കൊടിപിടിക്കാൻ വെമ്പൽ കൊള്ളുന്ന സി.പി.എം ഇതേ വിഷയത്തിലും ശരീഅത്ത് വിഷയത്തിലും മുൻനിലപാടുകൾ തിരുത്താൻ തയ്യാറാണോ എന്ന് പുനർപരിശോധിക്കേണ്ടതുണ്ട്. കമ്മ്യൂണിസം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ഇടതുപ്രസ്ഥാനങ്ങളുടെ അപകടകരമായ യാത്രയിൽ മതവോട്ടുകൾ കൂടി പെട്ടിയിലാക്കി വേരുറപ്പിക്കാനുള്ള ഗൂഢശ്രമങ്ങളെ ചെറുത്തുതോല്പിക്കേണ്ടതുണ്ട്. നിലവിൽ ഏക സിവിൽ കോഡിനെതിരെയുള്ള നീക്കങ്ങളിൽ സാമുദായിക സംഘടനകളും സാമുദായിക രാഷ്ട്രീയ സംഘടനകളും കൃത്യമായി സമുദായത്തെ സംഘടിപ്പിക്കുക എന്നതാണ് പ്രധാന പോംവഴി. മറ്റൊന്ന് "ആയിരം വർഷം ആയിരം തവണ കടലിൽ മുസ്വല്ലയിട്ട് നിസ്കരിച്ചാലും കമ്മ്യൂണിസത്തെ വിശ്വസിക്കില്ല" എന്ന നയം സ്വീകരിക്കലാണ്.
cv althaf padikkal